Sahel app service; പ്രവാസികൾക്ക് ഇനി കാര്യങ്ങൾ എളുപ്പം; സഹൽ ആപ്പിൻ്റെ ഇംഗ്ലീഷ് വേർഷൻ നിലവിൽ വന്നു, എങ്ങനെ ഉപയോ​ഗിക്കാം?

Sahel app service:കുവൈറ്റ് സിറ്റി: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുവൈറ്റ് പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമം. കുവൈറ്റ് സർക്കാറിൻ്റെ ഏകീകൃത ഓൺ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സഹൽ ആപ്പിൻ്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി. അറബി ഭാഷ വായിക്കാനും കൈകാര്യം ചെയ്യാനും അറിയാത്ത ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന നടപടിയാണിത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വര്‍ഷങ്ങളായി, അറബി ഭാഷ മനസ്സിലാകാത്ത കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് സഹൽ ആപ്പ് വഴി സര്‍ക്കാര്‍ സേവനങ്ങൾ നേടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. സിവില്‍ ഐഡി അപ്ഡേറ്റുകള്‍ മുതല്‍ റെസിഡന്‍സി പുതുക്കല്‍ വരെയുള്ള എല്ലാ കാര്യങ്ങളും പ്രവാസികള്‍ക്ക് ആപ്പ് വഴി കൈകാര്യം ചെയ്യേണ്ടിവന്നു. റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കല്‍, ട്രാഫിക് പിഴകള്‍ അടയ്ക്കല്‍, അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യല്‍, സിവില്‍ ഐഡി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യല്‍ തുടങ്ങി എല്ലാ കാര്യങ്ങളും സഹല്‍ ആപ്പ് വഴിയാണ് ചെയ്യേണ്ടത്‌. എന്നാൽ ആപ്പിലെ അറബി ഭാഷയിലുള്ള നിർദ്ദേശങ്ങൾ മനസ്സിലാകാതെ മറ്റുള്ളവരുടെ സഹായത്തോടെയാണ് പലപ്പോഴും സർക്കാർ സേവനങ്ങൾ പ്രവാസി സമൂഹം ലഭ്യമാക്കിയത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള കാര്യമായിരുന്നു ഇത്. അത്യാവശ്യം സേവനാക്കുന്നതിന് പോലും മറ്റുള്ളവരെ ആശ്രയിക്കുകയും അവർക്കായി കാത്തുനിൽക്കുകയും ചെയ്യേണ്ട സ്ഥിതി വന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ ഇത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഭാഷാ തടസ്സം കാലതാമസത്തിനും ആശയക്കുഴപ്പത്തിനും ഇടയാക്കി. പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പലപ്പോഴും തെറ്റുകള്‍ വരുത്തി. എന്നാൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തുവന്നതോടെ വർഷങ്ങളായി തങ്ങൾ അനുഭവിച്ച ഒരു വെല്ലുവിളിക്ക് പരിഹാരമായതിൻ്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് പ്രവാസികൾ. ഇപ്പോള്‍ ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും ആപ്പിന്റെ ഇംഗ്ലീഷ് വേർഷൻ ലഭ്യമാണ്.

സഹല്‍ ആപ്പ് ഇംഗ്ലീഷില്‍ ആരംഭിച്ചതോടെ, സര്‍ക്കാര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉപയോക്തൃ-സൗഹൃദ മാര്‍ഗം ലഭിക്കുന്നതിൻ്റെ ആവേശത്തിലാണ് പ്രവാസികള്‍. റസിഡന്‍സി പുതുക്കല്‍, സിവില്‍ ഐഡി അപ്ഡേറ്റുകള്‍, സര്‍ക്കാര്‍ പിഴ അടയ്ക്കല്‍, കൂടാതെ മറ്റു പല അവശ്യ ഫീച്ചറുകള്‍ ആക്സസ് ചെയ്യാനുള്ള സ്വാതന്ത്ര്യം പുതിയ പതിപ്പ് അവര്‍ക്ക് വാഗ്ദാനം ചെയ്യും. പ്രവാസികള്‍ക്ക് ലോഗിന്‍ ചെയ്യാനും ആപ്പിലൂടെ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാനും ആവശ്യമായ നടപടിക്രമങ്ങള്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാനും പുതിയ വേർഷനിലൂടെ കഴിയും.

സഹല്‍ ആപ്പിന്റെ പുതിയ ഇംഗ്ലീഷ് പതിപ്പ് ആക്സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ ആപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിന് അടിസ്ഥാന വിവരങ്ങൾ നല്‍കണം. മുകളില്‍ ഇടത് കോണിലുള്ള മൂന്ന് രകളിൽ ക്ലിക്കുചെയ്യുക. ഗ്ലോബ് ഐക്കണ്‍ തിരഞ്ഞെടുത്ത് അതിലെ മൂന്നാം ഓപ്ഷനായ ആപ്പിന്റെ ഭാഷ മാറാന്‍ ഇംഗ്ലീഷ് തിരഞ്ഞെടുക്കുക. തുടർന്നുള്ള എല്ലാ ആശയ വിനിമയങ്ങൾ ഇംഗ്ലീഷിൽ നടത്താനാവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version