Posted By Nazia Staff Editor Posted On

Expat Fuel Subsidies:പ്രവാസികള്‍ക്കുള്ള എണ്ണ സബ്‌സിഡി നിര്‍ത്തലാക്കാന്‍ കുവൈറ്റില്‍ ആലോചന

Expat Fuel Subsidies:കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് വലിയ തിരിച്ചടിക്ക് കാരണമായേക്കാവുന്ന മറ്റൊരു നടപടിയുമായി കുവൈറ്റ്. രാജ്യത്ത് പ്രവാസികള്‍ക്ക് ലഭിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വിലയിലെ സബ്‌സിഡി ഒഴിവാക്കാനാണ് അധികൃതരുടെ ആലോചന. അതേപോലെ കമ്പനികള്‍ക്കും സബ്‌സിഡി നിരക്കില്‍ എണ്ണ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും. ഡ്രൈവിങ് ലൈസന്‍സുള്ള പൗരന്മാരെ ഈ മാറ്റത്തില്‍ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. പ്രവാസികളില്‍ നിന്നും കമ്പനികളില്‍ നിന്നും പെട്രോള്‍ വില അന്താരാഷ്ട്ര മാര്‍ക്കറ്റ് നിരക്കില്‍ ഈടാക്കുന്നതിനെ കുറിച്ച് പഠനം നടന്നുവരികയാണെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സബ്സിഡികള്‍ പരിഷ്‌കരിക്കുകയും അവ ഏറ്റവും ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡീസല്‍ വിലയും പെട്രോള്‍ വിലയും ക്രമീകരിക്കുന്നതിനുള്ള വിവിധ ആശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അദികൃതര്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

പെട്രോള്‍ വിലയുടെ സബ്‌സിഡി ഒഴിവാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റിന് അനുസൃതമായ വില ഈടാക്കുകയാണെങ്കില്‍ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്നാണ് കണക്കുകൂട്ടല്‍. ആഗോള നിരക്കുകളുമായി വില യോജിപ്പിച്ചാല്‍ ഏകദേശം 600 ദശലക്ഷം ദിനാര്‍ ലാഭിക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സബ്‌സിഡി നിര്‍ത്തലാക്കുന്നത് രാജ്യത്തെ ഗതാഗത രീതികളിലും നല്ല മാറ്റങ്ങളുണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

എല്ലാ നിര്‍ദ്ദേശങ്ങളും ഇപ്പോഴും ധനമന്ത്രാലയത്തിന്‍റെ അവലോകനത്തിലാണെന്നും അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രാലയം ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സബ്സിഡികള്‍ യുക്തിസഹമാക്കാനും അവ അര്‍ഹതയുള്ളവര്‍ക്ക് നല്‍കുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ക്യാബിനറ്റിന്‍റെ വിശാലമായ ശ്രമത്തിന്‍റെ ഭാഗമാണ് ഈ നിര്‍ദ്ദേശങ്ങള്‍. അന്തിമമായ ആശയങ്ങള്‍ തുടര്‍നടപടികള്‍ക്കായി കാബിനറ്റിന് സമര്‍പ്പിക്കും. അതില്‍ ഭാഗികമായോ പൂര്‍ണ്ണമായോ സബ്സിഡി നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനം ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള വിലയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ പെട്രോള്‍ വില പൂര്‍ണ്ണമായും ഉദാരമാക്കുക എന്നതാണ് ഉയര്‍ന്നുവന്നിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം. പൗരന്മാര്‍, താമസക്കാര്‍, കമ്പനികള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഉപഭോക്താക്കള്‍ക്കും സബ്‌സിഡി ഒഴിവാക്കുകയും ഇതുമൂലം പൗരന്‍മാര്‍ നല്‍കേണ്ടിവരുന്ന അധിക വില തിരികെ നല്‍കാന്‍ സംവിധാനം ഒരുക്കുകയും ചെയ്യുക എന്നതും നിര്‍ദ്ദേശത്തിന്‍റെ ഭാഗമാണ്. എന്നാല്‍ തുക എങ്ങനെ മടക്കിനല്‍കും എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version