കുവൈത്തിൽ 1400 വർഷത്തിലേറെ പഴക്കമുള്ള കിണർ കണ്ടെത്തി
കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ 1400 വർഷത്തിലേറെ പഴക്കമുള്ള കിണർ കണ്ടെത്തി. വലിയ വിസ്തൃതിയിലുള്ള കിണറിൽ ഇപ്പോഴും നീരൊഴുക്ക് ഉള്ളതായി കുവൈത്ത് പുരാവസ്തു വകുപ്പ് സഹ മേധാവി മുഹമ്മദ് ബിൻ റിദ വ്യക്തമാക്കി.കിണറിനോട് ചേർന്ന് കല്ലുകൊണ്ട് നിർമ്മിച്ച കെട്ടിടത്തിന്റെയും മതിലിന്റെയും അവശിഷ്ടങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്താബ്ദം 7-8-ാം നൂറ്റാണ്ടിൽ നില നിന്നിരുന്ന ഒരു പാർപ്പിട മേഖലയുടെ ഭാഗമായിരുന്ന കിണർ ആയിരിക്കാം ഇതെന്നാണ് നിഗമനം. 1300 മുതൽ 1400 വർഷം വരെ പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന കുഴൽപ്പാത്രങ്ങളുടെ ഭാഗങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇസ്‌ലാമിക കാലഘട്ടത്തിന്റെ മുമ്പും ആദ്യകാല ഇസ്‌ലാമിക കാലഘട്ടം വരെയും നീളുന്ന ചരിത്ര ശേഷിപ്പുകൾ ആണ് ഇവയെന്ന് ഗവേഷകർ വിലയിരുത്തി .2019-ൽ ആരംഭിച്ച കുവൈത്ത്-സ്ലോവാക്യ സംയുക്ത പുരാവസ്തു ഗവേഷകസംഘത്തിന്റെ പര്യവേ ക്ഷണത്തിനിടയിൽ ഫൈലക്ക ദ്വീപിന്റെ കേന്ദ്രഭാഗത്തുള്ള “അൽഖസൂർ” പ്രദേശത്താണ് ഇവ കണ്ടെത്തിയത്.
ഫൈലക്ക ദ്വീപിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നാണ് ഈ പ്രദേശം.വിവിധ ചരിത്രകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രധാന പുരാവസ്തു കേന്ദ്രമായ ഈ പ്രദേശത്ത് നിന്നുള്ള പുതിയ കണ്ടെത്തൽ, ദ്വീപിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നാഴികക്കല്ലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)