ഗ്ലോബൽ വില്ലേജിലെ വി.ഐ.പി. ടിക്കറ്റ് വില്പന ഈ ദിവസം മുതൽ

ഗ്ലോബൽ വില്ലേജിലെ വി.ഐ.പി. ടിക്കറ്റുകൾ ഈ മാസം 21 മുതൽ ഓൺലൈനിൽ ലഭ്യമാകും. ഗ്ലോബൽ വില്ലേജിലെ വിവിധസൗകര്യങ്ങൾ, ആകർഷണങ്ങൾ, പ്രദർശനങ്ങൾ, പാർക്കിങ് എന്നിവയ്ക്കെല്ലാം പ്രത്യേകപരിഗണന വി.ഐ.പി. ടിക്കറ്റുകളിൽ ലഭ്യമാകും. മെഗാ ഗോൾഡ്, മെഗാ സിൽവർ എന്നിങ്ങനെ രണ്ട് പാക്കേജുകൾ ഈവർഷം പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.

മെഗാ ഗോൾഡ് വി.ഐ.പി. പായ്ക്കിന് 4,745 ദിർഹവും മെഗാ സിൽവർ വി.ഐ.പി. പായ്ക്കിന് 3,245 ദിർഹവുമാണ് നൽകേണ്ടത്. ഈ പാക്കേജുകൾ വാങ്ങുന്നവർക്ക് ദുബായ് പാർക്‌സ് ആൻഡ് റിസോർട്‌സിലെ എല്ലാ പാർക്കുകളിലേക്കും സമയപരിധികളില്ലാതെ പ്രവേശനം നൽകുന്ന പ്ലാറ്റിനം വാർഷിക പാസും സൗജന്യമായി നേടാം.

കൂടാതെ ദ ഗ്രീൻ പ്ലാനറ്റ്, റോക്‌സി സിനിമാസ്, ലാപിറ്റ ഹോട്ടൽ എന്നിവിടങ്ങളിലെ പ്രവേശന ടിക്കറ്റിന് ആകർഷകമായ കിഴിവുകളും ലഭിക്കും. ക്ലാസിക് വി.ഐ.പി. പായ്ക്കുകളിൽ ഡയമണ്ട്-7,350 ദിർഹം, പ്ലാറ്റിനം- 3100 ദിർഹം, ഗോൾഡ്-2,350 ദിർഹം, സിൽവർ-1,750 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. 18 വയസ്സിന് മുകളിലുള്ള യു.എ.ഇ. യിലെ താമസക്കാർക്ക് മാത്രമാണ് വി.ഐ.പി. ടിക്കറ്റുകൾ ലഭിക്കുക.

ഈ വർഷം മൂന്ന് ഘട്ടങ്ങളിലായാണ് ടിക്കറ്റുകൾ വിൽക്കുക. പുതിയ മെഗാ ഗോൾഡ്, സിൽവർ വി.ഐ.പി. ടിക്കറ്റുകൾക്കായുള്ള ഒന്നാം ഘട്ട വിൽപ്പന ഈ മാസം 21-ന് രാവിലെ 10 മുതൽ 24-ന് രാവിലെ ഒൻപത് മണിവരെ തുടരും.

ഈ മാസം 24-ന് രാവിലെ മുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട വിൽപ്പനയിൽ ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ ടിക്കറ്റ് പായ്ക്കിനായി ബുക്ക് ചെയ്യാം.

വി.ഐ.പി. പായ്ക്കുകളുടെ പൊതു വിൽപ്പനയാണ് മൂന്നാംഘട്ടത്തിലുണ്ടാവുക. ഇത് ഈ മാസം 28-ന് രാവിലെ 10 മണി മുതൽ ടിക്കറ്റുകൾ കഴിയുന്നതുവരെ തുടരും. വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ടിക്കറ്റുകൾ പരിമിതമാണ്.

വി.ഐ.പി. ടിക്കറ്റുകൾ വാങ്ങുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 29,000 ദിർഹത്തിന്റെ ക്യാഷ് ചെക്ക് സമ്മാനമായി ലഭിക്കും. ഗ്ലോബൽ വില്ലേജിന്റെ 29-ാം പതിപ്പ് അടുത്ത മാസം 16-ന് തുടങ്ങും.

ലോക സംസ്കാരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഈ ശൈത്യകാല ആകർഷണം അടുത്തവർഷം മേയ് 11 വരെ സന്ദർശകരെ സ്വീകരിക്കും. പുത്തൻ ആകർഷണങ്ങളും അനുഭവങ്ങളുമാണ് പുതിയപതിപ്പും വാഗ്ദാനം ചെയ്യുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version