
കുവൈത്തിൽ അസ്ഥിര കാലാവസ്ഥ: മുന്നറിയിപ്പ്
അടുത്ത ആഴ്ച പകൽ പൊതുവെ ചൂടുള്ളതും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എന്നാൽ വ്യത്യസ്ത ഇടവേളകളിൽ ഇടക്ക് മഴ പെയ്യാൻ സാധ്യതയുണ്ട്. ഒരു ഉപരിതല ന്യൂനമർദ്ദം വാരാന്ത്യത്തിൽ രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

ഈ സമയത്ത് താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടും. ഇത് വ്യത്യസ്ത ഇടവേളകളിൽ ഇടവിട്ട് മഴ പെയ്യാനുള്ള സാധ്യത സൃഷ്ടിക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റ് വീശും.
ചില സമയങ്ങളിൽ കാറ്റ് സജീവമാകാം. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റുകൾ സൃഷ്ടിക്കും. ചില പ്രദേശങ്ങളിൽ രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ധരാർ അൽ അലി കൂട്ടിച്ചേർത്തു.അതേമസയം, വ്യാഴാഴ്ചത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരുന്നു. താപനില പൊതുവെ മിതമായിരുന്നു. രാത്രിയിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി പലയിടത്തും ചാറ്റൽ മഴ ഉണ്ടായി.
വെള്ളിയാഴ്ച പകൽ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ് വീശാം. തുറസ്സായ സ്ഥലങ്ങളിൽ ചിതറിയ മഴക്കും പൊടിപടലത്തിനും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 32 നും 34 നും ഇടയിലായാണ്. കടൽ നേരിയതോ മിതമായതോ ആയിരിക്കും. രാത്രി കാലാവസ്ഥ മിതമായതായിരിക്കും. ചില പ്രദേശങ്ങളിൽ മഴക്കും നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
ശനിയാഴ്ച കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമാകും. നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ് വീശാം. മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രിയിലെ കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. നേരിയ മഴക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

Comments (0)