മാതാവിന് മകനെക്കാൾ 3 മാസം പ്രായക്കുറവ്! വ്യാജ പൗരത്വ കേസിൽ പുറത്തായത് വിചിത്ര രേഖകൾ
കുവൈത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് പൗരത്വം നേടിയവരുടെ പൗരത്വം അനുദിനം റദ്ദാക്കപ്പെട്ടു കൊണ്ടിരിക്കെ ഇതുമായി ബന്ധപ്പെട്ട് വിചിത്രമായ നിരവധി സംഭവങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആക്റ്റിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശ പ്രകാരം 962 പേരുടെ പൗരത്വം റദ്ധാക്കിയിരുന്നു.
പൗരത്വം ലഭിക്കുന്ന തിനായി ഇവർ സമർപ്പിച്ച രേഖകൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഒരു കേസിൽ മകന് മാതാവിനെക്കാൾ മൂന്നര മാസം പ്രായക്കൂടുതൽ ഉള്ളതായി കണ്ടെത്തിയത്. വ്യാജ കുവൈത്തി പൗരത്വമുള്ള സിറിയക്കാരനെതിരെ 8 വർഷങ്ങൾക്ക് മുമ്പ് പൗരത്വ അന്വേഷണ സമിതിക്ക് ഒരു പരാതി ലഭിച്ചിരുന്നു.പരാതിയിൽ അന്ന് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ അതെ വർഷം കുവൈത്തിൽ നിന്ന് കടന്നു കളഞ്ഞു.
പിന്നീട് ഉന്നത തലത്തിലെ ‘വാസ്ത’ ഉപയോഗിച്ച് കേസ് തേച്ച് മായ്ച്ചു കളയുകയും ഇയാൾ വീണ്ടും കുവൈത്തിൽ തിരിച്ചെത്തുകയും ചെയ്തു.ആക്റ്റിങ് പ്രധാന മന്ത്രി ഫഹദ് അൽ യൂസുഫിന്റെ മേൽനോട്ടത്തിൽ വ്യാജ പൗരത്വ കേസുകളുടെ പരിശോധന ശക്തമാക്കിയതോടെ വീണ്ടും ഇയാൾ രാജ്യം വിട്ടു. കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ പല തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തിരിച്ചെത്തിയില്ല.
ഇതിനിടയിൽ കുവൈത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്ന സാഹചര്യം ഒഴിവാക്കുവാൻ ഇയാൾ സിറിയയിൽ വെച്ച് മരണപ്പെട്ടുവെന്ന വ്യാജ രേഖകൾ കുവൈത്തിലുള്ള മക്കൾ വഴി ഹാജറാക്കുകയും ചെയ്തിരുന്നു. ഇതെ തുടർന്നാണ് ഇയാളുടെ കുവൈത്തിലുള്ള മക്കളെ വിളിച്ചുവരുത്തി, ഡിഎൻഎ പരിശോധനകൾക്ക് വിധേയമാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.മറ്റൊരു കുവൈത്തി പൗരന്റെ സഹോദരൻ ആണെന്ന വ്യാജനെയാണ് ഇയാൾ പൗരത്വം നേടിയത്.
ഇയാളുടെ വ്യാജ സഹോദരനായ കുവൈത്തിയുടെയും ഇയാളുടെ മക്കളുടെയും ഡിഎൻഎ സാമ്പിളുകൾ എടുത്ത് നടത്തിയ പരിശോധനയിൽ ഇവർ തമ്മിൽ കുടുംബ ബന്ധം ഇല്ലെന്ന് തെളിയുകയായിരുന്നു. .തുടർന്ന് നടത്തിയ കൂടുതൽ പരിശോധനയിലാണ് പൗരത്വം നേടുന്നതിനായി സമർപ്പിച്ച വ്യാജ രേഖകളിൽ ഇയാൾ മാതാവായി കാണിച്ച കുവൈത്തി സ്ത്രീക്ക് ഇയാളെക്കാൾ മൂന്നര മാസം പ്രായക്കുറവ് ഉള്ളതായി കണ്ടെത്തിയത്.ഇത്തരത്തിൽ 86 പേരാണ് ഇയാളുടെ ബന്ധുത്വത്തിൽ കുവൈത്തി പൗരത്വം നേടിയത്.
Comments (0)