
കുവൈത്തിലെ ഖബറുകളിൽ ഇക്കാര്യങ്ങൾക്ക് നിരോധനം
രാജ്യത്തെ ഖബറിടങ്ങളില്‍ നിറമുള്ള കല്ലുകൾ ഉപയോഗിക്കുന്നതിന് നിരോധനം. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇത് സംബന്ധമായ നിർദേശം പുറപ്പെടുവിച്ചത്. ഖബറിടങ്ങളിലെ മണ്ണ് സ്ഥിരപ്പെടുത്താൻ ചെറുതും, പതിവുള്ളതും, നിറമില്ലാത്തതുമായ ഉരുളൻ കല്ലുകൾ ഉപയോഗിച്ചാൽ മതിയെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്ത് മുനിസിപ്പാലിറ്റിയിലെ സംസ്കാര വകുപ്പ് ഇത് സംബന്ധിച്ച് നിയമപരമായ വിധി നൽകാൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ഫത്വ വകുപ്പിനോട് അഭ്യർഥിച്ചിരുന്നു. മണ്ണിനെ സ്ഥിരപ്പെടുത്താൻ ചെറിയ കല്ലുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിറമുള്ള കല്ലുകൾ ഉപയോഗിച്ച് ഖബറിടം അലങ്കരിക്കുന്നത് ശരീഅത്ത് തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഫത്വ, ശരീഅ ഗവേഷണ മേഖലയിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി തുർക്കി അൽ മുതൈരി പറഞ്ഞു.
വ്യക്തികൾ ആചാരത്തിന്റെ അതിരുകൾ ലംഘിക്കുന്നത് തടയുകയും മതപരമായ ആചാരങ്ങളിലെ പുതുമകൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമായ രീതിയില്‍ ഖബറിടങ്ങള്‍ നിർമ്മിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പും നൽകി.

Comments (0)