Kuwait police; കുവൈത്ത് സിറ്റി, കുവൈത്തിൽ പ്രവാസി കടയുടമയെ ശാരീരികമായി ആക്രമിക്കുകയും അതിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. ഖുറൈൻ മാർക്കറ്റിൽ വെച്ചാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പ്രവാസിയായ കടയുടമയെ സ്ഥാപനത്തിന് മുന്നിൽ വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കുന്നതും അതിക്ഷേ പിക്കുന്നതുമായ സീ സീ ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തുടർന്ന് കടയുടമ നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്.
വാണിജ്യ മന്ത്രാലയത്തിലെ വനിതാ ജീവനക്കാർ കടയിൽ പരിശോധന നടത്തവേ സ്ഥാപനത്തിൽ ചില നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഈ സമയത്ത് സ്വകാര്യ വാഹനത്തിൽ അത് വഴി കടന്നു പോയ പോലീസ് ഉദ്യോഗസ്ഥൻ വിഷയത്തിൽ അകാരണമായി ഇടപെടുകയും വനിതാ ജീവനക്കാരുടെ മുന്നിൽ വെച്ച് കടയുടമയെ ആക്രമിക്കുകയും അതിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്ഥാവനയിൽ അറിയിച്ചു.
