
കുവൈത്ത് സിറ്റി ഇനി ‘വേൾഡ് ക്രാഫ്റ്റ്സ് സിറ്റി’
പരമ്പരാഗത അറേബ്യൻ നെയ്ത്തായ സദൂ നെയ്ത്തിന്റെ സംരക്ഷണത്തിൽ കുവൈത്തിന് അഭിമാന നേട്ടം. വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ (ഡബ്ല്യു.സി.സി) കുവൈത്ത് സിറ്റിയെ ‘വേൾഡ് ക്രാഫ്റ്റ്സ് സിറ്റി’ എന്ന് നാമകരണം ചെയ്തതായി അൽ സദു സൊസൈറ്റി അറിയിച്ചു.

കരകൗശലവസ്തുക്കൾ സംരക്ഷിക്കുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങൾ വിലയിരുത്തുന്നതിനായി ഡബ്ല്യു.സി.സി പ്രതിനിധി സംഘം കുവൈത്തിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് നാമനിർദേശം വന്നതെന്ന് സൊസൈറ്റി ചെയർമാൻ ശൈഖ ബീബി ദുഐജ് അസ്സബാഹ് പറഞ്ഞു.
കൗൺസിൽ പ്രസിഡന്റ് സാദ് അൽ ഖദ്ദൂമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സദു നെയ്ത്തുകാരുടെ പ്രവർത്തനങ്ങളെയും പരിശ്രമങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ രാജ്യത്തെ സദു ഹൗസും മറ്റ് സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിച്ചു.
ആഗോളതലത്തിൽ കരകൗശലവിദ്യ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ സ്ഥാപനങ്ങളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയതായും അവർ കൂട്ടിച്ചേർത്തു. 1964 ൽ ന്യൂയോർക്കിൽ സ്ഥാപിതമായ ഡബ്ല്യു.സി.സി ലാഭേച്ഛയില്ലാത്ത സംഘടനയാണ്. നിലവിലെ പ്രസിഡന്റ് കാലയളവിൽ കുവൈത്തിലാണ് ആസ്ഥാനം.
കുവൈത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ് സദു നെയ്ത്. ഈ രീതിയിലെ ജ്യാമിതീയ രൂപങ്ങളും തിളക്കമുള്ള നിറങ്ങളും രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നു. ബെദൂനികളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു സദു. കാലങ്ങളായി ടെന്റുകളിലും ഫർണിച്ചറുകളിലും അനുബന്ധ ഉപകരണങ്ങളിലും സദു ഉപയോഗിച്ചുവരുന്നതായും ശൈഖ ബീബി പറഞ്ഞു.

Comments (0)