Disel price in uae കുവൈറ്റ് സിറ്റി :കുവൈത്തിൽ ഡീസൽ സബ്‌സിഡി ഉടൻ തന്നെ പിൻ വലിക്കും. സർക്കാറിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഡീസൽ വില നിയന്ത്രണങ്ങൾ എടുത്തു മാറ്റി ആഗോള വിപണി നിരക്കിൽ വില നിശ്ചയിക്കാൻ ബന്ധപ്പെട്ട അധികാരികള്‍ തത്വത്തിൽ അംഗീകാരം നൽകിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ കമ്പനികൾക്ക് 115 ഫിൽസും വ്യക്തിഗത ഉപഭോക്താക്കൾക്ക് 55 ഫിൽസുമാണ് ഒരു ലിറ്റർ ഡീസലിന്റെ വില.

ഡീസൽ വിപണിയിലെ മൊത്തം വിൽപ്പനയുടെ 60% വും വാങ്ങുന്നത് വ്യക്തിഗത ഉപഭോക്താക്കളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങളിലെ പെട്രോളിയം ഉൽപ്പന്ന വിലകളുടെ അടിസ്ഥാനത്തിൽ ഡീസൽ വില പുനർനിർണ്ണയിക്കും.
കുവൈത്ത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ഡീസലിന്റെ ഉത്പാദന ചെലവ് വിലയിരുത്തിയ ശേഷം ഒരു വില നിർണ്ണയ മാർഗ്ഗരേഖ രൂപീകരിക്കുവാനും ഇതോടൊപ്പം, രാജ്യത്തെ ഇന്ധന വില നിർണ്ണയ സമിതി ഓരോ മൂന്ന് മാസം കൂടുമ്പോഴും വില അവലോകന യോഗം ചേരുവാനും തീരുമാനമായിട്ടുണ്ട്. ഡീസൽ വില വർദ്ദ്ധനവ് ഉപഭോക്താക്കളിൽ ആശങ്കയുണ്ടാക്കിയേക്കാമെങ്കിലും, ഡീസൽ കള്ളക്കടത്ത് ഒരു പരിധി വരെ തടയുവാൻ സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. എന്നാൽ സാധാരണ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള എല്ലാ സബ്‌സിഡികളും തരംതിരിച്ച് അവലോകനം ചെയ്യുമെന്നും, വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
