
ഡ്രൈവിങ്ങിനിടെ നിഖാബ് ധരിക്കുന്നതിന് നിരോധനം: സത്യാവസ്ഥ വെളിപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നതിന് നിരോധനമെന്ന വാർത്തയിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ഇത് 1984ലെ പഴയ മന്ത്രിതല തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിലവിൽ സജീവ നിയമമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വാഹനമോടിക്കുമ്പോൾ നിഖാബിന് വിലക്കുണ്ടെന്ന സോഷ്യൽ മീഡിയ ചർച്ചകളെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇടപെടൽ. സുരക്ഷ കാരണങ്ങളാലാണ് 1984ലെ തീരുമാനം കൊണ്ടുവന്നത്. ആ കാലത്ത് പൊതുനിരത്തുകളിൽ വാഹനമോടിക്കുന്ന ചില സ്ത്രീകൾ ബുർഖയോ നിഖാബോ ധരിച്ചിരുന്നു. ഇത് കാരണം അവരുടെ മുഖഭാവം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു.
വനിത ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുമ്പോൾ സുരക്ഷ ഉദ്യോഗസ്ഥർക്ക് ഇത് വെല്ലുവിളികൾ സൃഷ്ടിച്ചു. പ്രത്യേകിച്ച് ഡ്രൈവിങ് ലൈസൻസിൽ ഫോട്ടോ ഉണ്ടായിരുന്നിട്ടും വനിത ഡ്രൈവർമാർ മുഖം വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന സന്ദർഭങ്ങളിൽ. എന്നാൽ, ഇന്ന് വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തോടെ വനിത ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമായി മാറി. ഇത് മുൻകാല സങ്കീർണതകൾ ഇല്ലാതാക്കിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Comments (0)