Posted By Ansa Staff Editor Posted On

UAE JOB VACANCY; യുഎഇയിലും സൗദിയിലുമുള്ള പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ജീവനക്കാരെ ആവശ്യം: ആയിരക്കണക്കിന് ഒഴിവുകൾ

ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്.

യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ആ പ്രദേശങ്ങൾ കണ്ടെത്തി ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു.ദുബായ്, അബുദാബി, ഷാർജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ചതിന് കാരണം വിദേശ തൊഴിലാളികളുടെ വൻതോതിലുള്ള വരവാണ്.

നഗരങ്ങളിലെ ഡൗൺ ടൗണുകളിലും സെൻട്രൽ ഡിസ്ട്രിക്ടുകളിലും ഉയർന്ന വാടക ഉള്ളതിനാൽ അതും ട്രാഫിക്കും മറികടക്കാൻ പലരും താമസത്തിന് പ്രാന്തപ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്.യുഎഇയിലെ ജനസംഖ്യാ വർധനയോടെ ഗ്രൂപ്പിന് ഇവിടെ വളരാനുള്ള മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു.

ഞങ്ങൾ ഒട്ടേറെ ഡെവലപർമാരുമായി ചർച്ചയിലാണ്. അവർ ഞങ്ങൾക്ക് അവസരം നൽകുകയും യുഎഇയിൽ എല്ലായിടത്തും ലുലു ലഭിക്കാൻ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു. യുഎഇയിൽ ലുലുവിന് 30 പദ്ധതികൾ ചർച്ചയിലുണ്ട്. എന്നാൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ ലുലുവിന് 37 ശാഖകൾ കൂടി യുഎഇയും സൗദിയുമാണ് റീട്ടെയിലർമാരുടെ ശ്രദ്ധാകേന്ദ്രം.

ലുലു പാൻ-ജിസിസിയിലെ ഒന്നാം നമ്പർ റീട്ടെയിലർ ആണ്. അതിനാൽ സൗദിയിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്. ഞങ്ങൾ ചെറുകിട നഗരങ്ങളിലേയ്ക്ക് പോകുന്നു. ജനസംഖ്യയും ജനസാന്ദ്രതയും അനുസരിച്ച് ലുലു ഔട്ട്ലെറ്റുകളുടെ വലുപ്പം ഞങ്ങൾ തീരുമാനിക്കും.

സൗദിയിൽ ഞങ്ങൾക്ക് 37 സ്റ്റോറുകൾ കൂടി വരുന്നുണ്ട്. 2028 നകം സൗദിയിൽ ഇടത്തരം കാലയളവിൽ 100 ​​സ്റ്റോറുകൾ തുറക്കുകയാണ് ലക്ഷ്യം. 16 നഗരങ്ങളിൽ മാത്രമേ ഞങ്ങളുടെ സാന്നിധ്യമുള്ളതിനാലും വളരാൻ വലിയ ഇടമുള്ളതിനാലും അവിടെ ശ്രദ്ധ പതിപ്പിക്കുന്നു. സൗദിയുടെ വിഷൻ 2030-ൽ രാജ്യത്ത് കൂടുതൽ ചിട്ടയായ റീട്ടെയ്ൽ നടത്താനാണ് ഒരു ഗ്രൂപ്പെന്ന നിലയിൽ 31 നഗരങ്ങളെ തിരിച്ചറിഞ്ഞത്.

യുഎഇ, സൗദി, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ലുലു പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വലുപ്പമനുസരിച്ച് ഓരോ സ്റ്റോറിനും അതിന്റേതായ ആവശ്യകതകളുണ്ട്. ഒരു ഹൈപ്പർമാർക്കറ്റിൽ ശരാശരി 290 ജീവനക്കാരും എക്സ്പ്രസ് സ്റ്റോറിൽ 55 പേരും ഒരു മിനി മാർക്കറ്റിൽ മൂന്ന് പേരും ജോലി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ വർഷം ലുലു ഐപിഒ പ്രോസ്പെക്ടസിൽ വെളിപ്പെടുത്തിയിരുന്നു.

2024 ജൂൺ 30-ന് ഗ്രൂപ്പ് ഏകദേശം 55,000 മുഴുവൻ സമയ ജീവനക്കാരെ നിയമിച്ചു. യുഎഇയും ജിസിസി മേഖലയും വളരുന്നത് ആവേശകരമായ കാഴ്ചയാണ്. കുവൈത്തും പുതിയ നഗരങ്ങളുമായി വരുന്നു. കഴിഞ്ഞ ദിവസം ദുബായിലെ സത് വയിൽ ലുലു പുതിയ ശാഖ തുറന്നിരുന്നു. കഴിഞ്ഞ വർഷം കമ്പനി പബ്ലിക് ആയതിനുശേഷം ഇത് 23-ാമത്തേയും ജിസിസിയിലെ 252-ാമത്തേയും സ്റ്റോറായിരുന്നു ഇത്. ജദ്ദാഫ്, ജെഎൽടി, നാദ് അൽ ഹമ്മാർ, ദുബായ് എക്സ്പോ സിറ്റി, ഖോർഫക്കാൻ, ഉൌദ് മുതീന എന്നിവിടങ്ങളിൽ വൈകാതെ ലുലു യാഥാർഥ്യമാകും.

\

Comments (0)

Leave a Reply

Your email address will not be published. Required fields are marked *